
പടിയൂര്‍–കല്ല്യാട് പഞ്ചായത്ത് സമ്പൂർണ വായനശാലാ പഞ്ചായത്താകുന്നു. പീപ്പിൾസ് മിഷന്റെ ഭാഗമായി പതിനഞ്ച് വായനശാലകളാണ് പഞ്ചായത്തിൽ ഒരു വർഷത്തിനുള്ളിൽ പുതിയതായി ആരംഭിക്കാൻ സാധിച്ചത്. മിഷന്റെ പ്രവർത്തനം ആരംഭിച്ചതിന്റെ തുടക്കത്തിൽ തന്നെ നിറഞ്ഞമനസോടെ പടിയൂർ–കല്ല്യാട് പഞ്ചായത്ത് പ്രവർത്തനങ്ങൾ ഏറ്റെടുക്കുകയായിരുന്നു. ബഹുജനങ്ങളെയാകെ അതിലണിനിരത്തുകയുണ്ടായി. ജില്ലയിലാകെയുണ്ടായ പൊതുമുന്നേറ്റം അടയാളപ്പെടുത്തുന്നതായിരുന്നു വാർഡുതലങ്ങളിലെ വായനശാല ഉദ്ഘാടനങ്ങൾ. വലിയ ജനപങ്കാളിത്തമായിരുന്നു പരിപാടികളിലുണ്ടായിരുന്നത്. നിലവിൽ മുപ്പത് വായനശാലകളുള്ള പഞ്ചായത്തായി പടിയൂര്‍–കല്ല്യാട് മാറിയിരിക്കുകയാണ്. എല്ലാ ആദിവാസി കോളനികളിലും മികച്ച വായന ശാലകളൊരുക്കുകയെന്നത് മിഷന്റെ ഭാഗമായി പ്രത്യേക പ്രധാന്യംത്തോടെയായിരുന്നു പഞ്ചായത്ത് ഭരണസമിതി കണ്ടത്. നാല് പട്ടിക വർഗ കോളനികളിൽ ഗോത്രവായനശാലകൾ പ്രവർത്തിക്കുന്നുണ്ട്. ഗോത്രവായനശാലകൾക്ക് അറുനൂറ് പുസ്തകം വീതവും രണ്ട് വീതം ഷെൽഫുകളും പഞ്ചായത്ത് പ്രത്യേകം പദ്ധതിയില്‍ നല്‍കിയിട്ടുണ്ട്. പുതിയതായി ആരംഭിക്കുന്ന ഗ്രന്ഥശാലകള്‍ക്ക് പുസ്തകം കണ്ടെത്തുന്നതിന് ജനകീയ പങ്കാളിത്തത്തോടെയാണ് പ്രവർത്തനം സംഘടിപ്പിക്കുന്നത്. ഒരുപക്ഷേ അപൂർവ്വമായിമാത്രം കേൾക്കാനിടയുള്ളതാണ് വായനശാലക്ക് പുസ്തകങ്ങൾ ശേഖരിക്കാൻ ഒരു രാഷ്ട്രീയപാർട്ടി പുസ്തക ശേഖരണ യാത്ര സംഘടിപ്പിച്ചത് പടിയൂരിലായിരുന്നു. പുസ്തക ശേഖരണ യാത്രയ്ക്ക് രാഷ്ട്രീയ ഭേദമെന്യേ ലഭിച്ച ജനകീയ പിന്തുണ പീപ്പിൾസ് മിഷനെയെത്രമാത്രം പ്രധാന്യത്തോടെയാണ് പ്രദേശത്തെ ബഹുജനങ്ങളാകെ കണ്ടതെന്ന് മനസ്സിലാക്കാൻ സാധിക്കും.
സമ്പൂർണ വായനശാല പ്രഖ്യാപനം പടിയൂർ ടൗണിൽ ഡോ. വി ശിവദാസൻ എംപി നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബി ശംസുദ്ധീൻ അധ്യക്ഷം വഹിച്ചു. പീപ്പിൾസ് മിഷൻ കോർഡിനേറ്റർ പി കെ വിജയൻ വിശിഷ്ടാതിഥി ആയിരുന്നു. പഞ്ചായത്ത് സെക്രട്ടറി ഇ വി വേണുഗോപാൽ സ്വാഗതം പറഞ്ഞു, ലൈബ്രറി കൗൺസിൽ ജില്ലാ കൗൺസിലർ പി പി രാഘവൻ മാസ്റ്റർ റിപ്പോർട്ട് അവതരിപ്പിച്ചു, പഞ്ചായത് വൈസ് പ്രസിഡന്റ് ആർ മിനി, സ്ഥിരം സമിതി അധ്യക്ഷരായ കെ രാഗേഷ്, സിബി കാവനാൽ, കെ വി തങ്കമണി, ആസൂത്രണ സമിതി വൈസ് ചെയർമാൻ ഷിനോജ്, ലൈബ്രറി കൗൺസിൽ താലൂക് ജോ. സെക്രട്ടറി കെ പ്രദീപൻ മാസ്റ്റർ, സി ഡി എസ് ചെയർപേഴ്സൺ എം വി അമ്പിളി, എം അനിൽ കുമാർ, പി പി ബാലൻ എ സി സെബാസ്റ്റ്യൻ കെ ടി ജോസ്, എ കെ ദിലീപ് കുമാർ, കെ വി അബ്ദുൽ സബാഹ് മാസ്റ്റർ എന്നിവർ സംസാരിച്ചു.