
കോട്ടയം : കോട്ടയം പഞ്ചായത്ത് സമ്പൂർണ വായനശാലാ പഞ്ചായത്താവുന്നു. നാടൊന്നായി നടത്തിയ വിപുലവും വ്യത്യസ്തങ്ങളുമായ പ്രവർത്തനമാണ് എല്ലാ വാർഡിലും വായനശാലകളൊരുക്കുന്നതിന് കോട്ടയത്തെ സഹായിച്ചത്. ഡോ. വി ശിവദാസൻ എംപിയുടെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്തുൾപ്പെടെയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ലൈബ്രറി കൗൺസിലും മറ്റ് സാമൂഹ്യ സാംസ്കാരിക സംഘടനകളുമെല്ലാം ചേർന്നുള്ള പീപ്പിൾസ് മിഷന്റെ ജില്ലയിൽ നടന്നുകൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി പുസ്തകശേഖരണത്തിനും വായനശാലകൾ സ്ഥാപിക്കുന്നതിനും കോട്ടയത്ത് വൈവിദ്ധ്യപൂർണമായ പ്രവർത്തനങ്ങളാണ് നടന്നത്. ജനപ്രതിനിധികളും ലൈബ്രറിപ്രവർത്തകരും വീടുകളും സ്ഥാപനങ്ങളും കയറിയിറങ്ങി പുസ്തകങ്ങൾ ശേഖരിച്ചു കൊണ്ടാണ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. പിറന്നാൾ,വിവാഹവാർഷികം തുടങ്ങിയ ആഘോഷങ്ങളുടെ ഭാഗമായി വായനശാലകൾക്ക് വേണ്ടി പുസ്തകങ്ങൾ സംഭാവനയായി സ്വീകരിച്ചും പുസ്തക ശേഖരണം നടത്തി. പുസ്തകപ്പയറ്റ്, പുസ്തകവിരുന്ന് തുടങ്ങിയ വ്യത്യസ്തങ്ങളായ പരിപാടികൾ നടത്തിയും പുസ്തക ശേഖരണം നടത്താൻ പഞ്ചായത്തിന് സാധിച്ചു. ഇങ്ങനെ ഒരു നാടിൻറെ ആകെ പിന്തുണയോടു കൂടിയാണ് കോട്ടയം സമ്പൂർണ വായനശാല പഞ്ചായത്ത് എന്ന നേട്ടത്തിലേക്ക് എത്തിച്ചേരുന്നത്. കുടുംബശ്രീ അയൽക്കൂട്ടങ്ങളിൽ നിന്നും പുസ്തകംശേഖരണം നടന്നുവരികയാണ്. സാംസ്ക്കാരിക സംഘടനകളും പുസ്തകശേഖരണത്തിൽ സജീവമായുണ്ട്. പൊതുവിട വ്യാപനത്തിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടമെന്ന നിലയിൽ വായനശാലകളും അടുത്ത ഘടത്തിൽ അനുബന്ധമായി വായനാശാലകളിൽ ആധുനികസൗകര്യങ്ങളുമൊരുക്കാനുമാണ് മിഷന്റെ ഭാഗമായി പഞ്ചായത്ത് ലക്ഷ്യമിടുന്നത്. വായനാവസന്തത്തിന് തിരികൊളുത്തുന്ന “ചിങ്ങപ്പൊലി”യെ നാടിന്റെ വികസനസങ്കൽപ്പങ്ങൾ പങ്കിടാനുള്ള അവസരമായിക്കൂടിയാണ് നാടാകെ കാണുന്നത്. പഞ്ചായത്തിൽ എല്ലാ വാർഡുകളിലുമായിസ്ഥാപിച്ച ഗ്രന്ഥശാലകൾ പുസ്തകവിതരണം മികച്ച രീതിയിൽ മുന്നോട്ട് പോവുന്നുണ്ട്. പഞ്ചായത്തിന്റെ നേതൃത്വത്തിൽ നിലവിലുള്ള ലൈബ്രറികള്‍ വിപുലീകരിക്കുകയും, വയോജനങ്ങൾക്കു മാത്രമായി ആറാം വാർഡിൽ പുതിയ ലൈബ്രറി ആരംഭിക്കുകയും ചെയ്തു. പീപ്പിൾസ് മിഷൻ പ്രവർത്തനത്തിന്റെ ഭാഗമായി പുതുതായി 8 ലൈബ്രറികൾ ആരംഭിച്ചു. ഇതോടെ പഞ്ചായത്തിലെ 14 വാർഡുകളിലും ഗ്രന്ഥശാലകളുടെ പ്രവർത്തനം ആരംഭിച്ചു. ആകെ 25 വായനശാലകൾ പഞ്ചായത്തിൽ അക്ഷരവെളിച്ചമേകും.
പഞ്ചായത്ത്തല സമ്പൂർണ വായനശാലാ പ്രഖ്യാപനം സപ്തംബർ 5 ന് വൈകീട്ട് 4 മണിക്ക്, പഞ്ചായത്ത് ഇ എം എസ് സ്മാരക ഓഡിറ്റോറിയത്തിൽ വെച്ച് പഞ്ചായത്ത് പ്രസിഡന്റ് സി രാജീവന്റ അധ്യക്ഷതയിൽ നടന്ന ചടങ്ങില്‍ കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. ബിനോയ് കുര്യൻ, പീപ്പിൾസ് മിഷൻ കോർഡിനേറ്റർ പി കെ വിജയൻ കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ എം സുർജിത് എന്നിവർ പങ്കെടുത്തു.
Leave A Comment