
കണ്ണൂർ: പുതുചരിത്രം രചിച്ച് ചിങ്ങപ്പൊലിക്ക് സമാപനമായി. എല്ലാ വാർഡിലും വായനശാലയെന്ന മുദ്രാവാക്യവുമായി ഡോ.വി ശിവദാസൻ എംപിയുടെ നേതൃത്വത്തിൽ പീപ്പിൾസ് മിഷൻ സംഘടിപ്പിച്ച ചിങ്ങപ്പൊലിയിൽ ജില്ലയിൽ നിരവധി വായനശാലകളാണ് സ്ഥാപിക്കപ്പെട്ടത്. ഒരുമാസക്കാലത്തിനിടയിൽ മാത്രം പതിനഞ്ച് പഞ്ചായത്തുകളും മൂന്ന് മുനിസിപ്പാലിറ്റികളും സമ്പൂർണ വായനശാലകളുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളായിമാറി. അതിലൂടെ ജില്ലയിൽ മൂന്ന് നഗരസഭകളും ഇരുപത്തിയൊൻപത് പഞ്ചായത്തുകളുമായി മുപ്പത്തിരണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സമ്പൂർണ വായനശാലാ പദവിയിലെത്തി.
രാജ്യത്തിന് മാതൃകയാകുന്ന മഹാമുന്നേറ്റമാണിതിലൂടെ കണ്ണൂർ കാഴ്ച്ചവച്ചിരിക്കുന്നത്. വായനശാലകളുടെ സാന്ദ്രതയിൽ മറ്റൊരു പ്രദേശത്തിനും അവകാശപ്പെടാൻ പോലുമാകാത്തത്രയും വലിയ നേട്ടമാണുണ്ടാക്കിയിരിക്കുന്നത്. കോവിഡ് മഹാമാരിയുടെ ഘട്ടത്തിൽ ആദിവാസി-ന്നോക്ക മേഖലകളുടെ സാമൂഹ്യ പുരോഗതി ലക്ഷ്യമിട്ടാരംഭിച്ച “നെറ്റ് വർക്ക്” പദ്ധതിയാണ് പിന്നീട് പീപ്പിൾസ് മിഷനെന്ന പേരിലുള്ള ജനകീയ മുന്നേറ്റമായിമാറിയത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ, ലൈബ്രറി കൗൺസിൽ, കുടുംബശ്രീ, സാംസ്കാരിക സംഘടകൾ, ബഹുജന പ്രസ്ഥാനങ്ങൾ, എൻഎസ്എസ്, എസ് പി സി തുടങ്ങിയ വളണ്ടിയർ സംഘടനകൾ, സമഗ്ര ശിക്ഷാ കേരള, സാക്ഷരതാമിഷൻ പ്രൊജക്ടുകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ, ഇങ്ങനെ വ്യത്യസ്ത മേഖലയിലുള്ളവരാകെ നൽകിയ കൂട്ടായപിന്തുണയാണ് അപൂർവ്വനേട്ടത്തിലേക്ക് നയിച്ചത്.
അതിന്ന് എല്ലാ വിഭാഗം ജനങ്ങളേയും അണിനിരത്തിക്കൊണ്ടുള്ള പൊതുവിടസംരക്ഷണക്യാമ്പയിനായി മാറിയിരിക്കുകയാണ്. ചിങ്ങപ്പൊലിയുടെ ഭാഗമായി പഞ്ചായത്ത്/ഗരസഭാ തലത്തിൽ നടന്ന സമ്പൂർണ വായനശാലാ പ്രഖ്യാപനങ്ങൾ നൂറുകണക്കിനാളുകൾ പങ്കെടുത്ത ജനകീയ ഉത്സവങ്ങളായിരുന്നു. അവ സാമൂഹിക ജീവിതത്തെ സമ്പന്നമാക്കുന്നതിൽ വായനശാലകൾ വഹിക്കുന്ന പങ്കിനെ അടിവരയിടുന്നതായിരുന്നു. ജനജീവിതത്തിന്റെ പുരോഗതിക്കായുള്ള സമഗ്ര പരിപാടികളുടെ ഇടമായി, വിനോദ വിജ്ഞാന കേന്ദ്രമായി വായനശാലകളെ വികസിപ്പിക്കുന്നതിനുള്ള തുടർപ്രവർത്തനമാണ് മിഷൻ ലക്ഷ്യമിടുന്നത്. അതിനൊപ്പം സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും പൊതു കേന്ദ്രമായി വായനശാലകളെ മാറ്റുകയും മിഷൻ ലക്ഷ്യമിടുന്നു.
വായനശാലാസ്ഥാപനത്തിനായി എല്ലാ വിഭാഗം ജനങ്ങളിൽ നിന്നും വലിയ പിന്തുണയാണ് പീപ്പിൾസ് മിഷന് ലഭ്യമായിക്കൊണ്ടിരിക്കുന്നത്. പൊതുവിടങ്ങളുടെ വ്യാപനത്തിന്റെ അടിയന്തിര ആവശ്യകത ബഹുജന അവബോധമാക്കിമാറ്റുന്നതിൽ മിഷൻ വലിയ നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. ജില്ലയിലാകെ പുതിയ വായനശാലകൾ ആരംഭിക്കപ്പെടുകയും വിപുലീകരിക്കപ്പെടുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. പരമാവധി പൊതു സ്ഥലങ്ങൾ കണ്ടെത്തുകയും അവയെ വായനശാലകളും കളിസ്ഥലങ്ങളും സാമൂഹ്യവിജ്ഞാന വികസനകേന്ദ്രങ്ങളുമായി മാറ്റിതീർക്കുകയാണ് പീപ്പിൾസ് മിഷൻ ലക്ഷ്യമിടുന്നത്.
മിഷന്റെ ഭാഗമായി വിവിധ പഞ്ചായത്തുകളിലായി മുന്നൂറിലധികം പുതിയ വായനശാലകൾ ആരംഭിച്ചുകഴിഞ്ഞു. മിഷൻ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി പുതുതായി ആരംഭിക്കുന്ന വായനശാലകൾക്ക് വേണ്ടിയുള്ള പുസ്തക സമാഹരണം നടന്നു കൊണ്ടിരിക്കുകയാണ്.
വായനശാലകൾ രൂപീകരിക്കുന്നതിനും വിപുലീകരിക്കുന്നതിനും കുടുംബശ്രീ, എൻഎസ്എസ്, എസ്എസ്കെ എന്നിവരുടെ നേതൃത്വത്തിൽ വ്യത്യസ്തങ്ങളായ പരിപാടികളാണ് സംഘടിപ്പിച്ചു വരുന്നത്. പുസ്തകശേഖരണമുൾപ്പെടെയുള്ള പ്രവർത്തനങ്ങൾ അതിലുൾപ്പെടുന്നു.
വായനശാലാവസന്തമൊരുക്കാൻ ചിങ്ങമാസം ഒന്നിന് ആരംഭിച്ച “ചിങ്ങപ്പൊലി” സമാപനത്തിലേക്കെത്തുമ്പോൾ 2024ൽ എല്ലാ വാർിലും വായനശാലയെന്ന ലക്ഷ്യം സാധ്യമാകുമെന്ന ആത്മനവിശ്വാസംകൂടിയാണ് സൃഷ്ടിക്കപ്പെടുന്നത്. ജില്ലയിലെ മറ്റ് തദ്ദേശ സ്ഥാപനങ്ങളും എല്ലാ വാർഡിലും വായനശാലയെന്ന ലക്ഷ്യം കൈവരിക്കാനുള്ള തീവ്രശ്രമത്തിലാണ്.
ധർമ്മശാലയിലെ കൽക്കോ ഹാളിൽ നടന്ന ചിങ്ങപ്പൊലിയുടെ സമാപന സമ്മേളനം എ എ റഹീം എംപി ഉദ്ഘാടനം ചെയ്തു. ഡോ വി ശിവദാസൻ എംപി ആന്തൂർ നഗരസഭയുടെ സമ്പൂർണ വായനശാലാ പ്രഖ്യാപനവും എല്ലാ വാർഡിലും വായനശാലകൾ സ്ഥാപിച്ച തദ്ദേശ സ്ഥാപന പ്രതിനിധികളെ ആദരിക്കുകയും ചെയ്തു. എം വി ഗോവിന്ദൻ മാസ്റ്റർ എം എൽ എ ഓൺലൈനിലൂടെ പരിപാടിയിൽ പങ്കെടുത്തു സംസാരിച്ചു. ആന്തൂർ നഗരസഭാ ചെയർമാൻ പി മുകുന്ദൻ അധ്യക്ഷം വഹിച്ചു. പീപ്പിൾസ് മിഷൻ കൺവീനർ ടി കെ ഗോവിന്ദൻ മാസ്റ്റർ, കോർഡിനേറ്റർ പി കെ വിജയൻ, കണ്ണൂർ സർവകലാശാല സ്റ്റുഡൻറ്സ് സർവീസസ് ഡയറക്ടർ ഡോ. നഫീസ ബേബി, കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ എം സുർജിത്, എൻ എസ് എസ് ജില്ലാ കൺവീനർ ശ്രീധരൻ കൈതപ്രം, ആന്തൂർ നഗരസഭാ ഉപാധ്യക്ഷ വി സതീദേവി, മുൻ നഗരസഭാധ്യക്ഷ പി കെ ശ്യാമള ടീച്ചർ, കൗൺസിലർമാരായ ടികെ വി നാരായണൻ , പി കെ മുജീബ് റഹ്മാൻ എന്നിവർ പങ്കെടുത്തു. സംഘാടക സമിതി ചെയർമാൻ കെ സന്തോഷ് സ്വാഗതവും ലൈബ്രറി കൗൺസിൽ തളിപ്പറമ്പ് താലൂക്ക് സെക്രട്ടറി ടി വി ജയകൃഷ്ണൻ നന്ദിയും പറഞ്ഞു. ഘോഷയാത്രയും കലാപരിപാടികളും ഡോക്യുമെന്ററി പ്രദർശനവും സമാപന സമ്മേളനത്തിന്റെ ഭാഗമായി നടന്നു.