
പൊതുവിടങ്ങളൊരുക്കാൻ ജനകീയ കുതിപ്പുമായി മുന്നോട് പോവുകയാണ് മാങ്ങാട്ടിടം പഞ്ചായത്ത്. ഡോ. വി ശിവദാസൻ എംപി യുടെ നേതൃത്വത്തിലുള്ള പീപ്പീൾസ് മിഷൻ അതിനുള്ള ഊർജമായി മാറുകയാണ്. എല്ലാ വാർഡിലും വായനശാലയെന്ന പ്രാഥമീക ലക്ഷ്യം പൂർത്തീകരിച്ചുകഴിഞ്ഞു. പത്തൊൻപത് വാർഡുകളിലായി ഇരുപത്തിരണ്ട് വായനശാലകളായി. ഗ്രാമീണ വായനശാലകളെ നാടിന്റെ “അനൗദ്യോഗിക സർവ്വകലാശാലകളാക്കി” മാറ്റുന്നതിനുള്ള പ്രവത്തനങ്ങൾ പഞ്ചായത്തിന്റെ നേത്രത്വത്തിൽ സംഘടിപ്പിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പിസി ഗംഗാധരൻ മാസ്റ്റർ പറഞ്ഞു. പൊതുവിട വ്യാപനത്തിന്റെ ഭാഗമായി ആദ്യഘട്ടമെന്ന നിലയിൽ പീപ്പിൾസ് മിഷന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി പുതുതായി പതിമൂന്ന് വായനശാലകളാണ് ആരംഭിച്ചത്.
അതിനൊപ്പം വായനശാലകൾ കേവലം പുസ്തകശാലകൾ മാത്രമായി പോകരുതെന്ന് ഓർമ്മപ്പെടുത്തുകയുമാണ് മാങ്ങാട്ടിടത്തുകാർ. പൊതുസ്ഥലങ്ങളൊരുക്കാൻ നാടൊന്നായ് നിരവധി പ്രവർത്തനങ്ങളാണിവിടെ നടത്തിക്കൊണ്ടിരിക്കുന്നത്. വായനശാലകളെ വിനോദ വിജ്ഞാന വികസന കേന്ദ്രമാക്കി മാറ്റുന്നതിനായി എല്ലാവാർഡിലും ആവശ്യാനുസരണം ഭൂമിയും കള്ളിസ്ഥലവും പഞ്ചായത്ത് ലക്ഷ്യമിടുകയാണ്. അതിനായുള്ള പ്രവർത്തനങ്ങളിൽ നാടിനെയാകെ അണിനിരത്തുകയാണ്. അതുമായി മാങ്ങാട്ടിടം മുന്നേറുകയാണ്. വായനശാലകൾ കേന്ദ്രീകരിച്ച് സാംസ്കാരിക പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിനായുള്ള പദ്ധതിക്കായ് പഞ്ചായത്ത് പ്രത്യേകം ഫണ്ട് വകയിരുത്തിയിട്ടുണ്ട്. അതിനൊപ്പം വായനശാലകളോട് ചേർന്ന് വിശാലമായ മൈതാനങ്ങളൊരുക്കാനുള്ള പ്രവർത്തനങ്ങളും നടന്നുകൊണ്ടിരിക്കുകയാണ്. അതിന്റഭാഗമായാണ് കളിസ്ഥലമൊരുക്കാനായി നാലേക്കറോളം ഭൂമി ആയിത്തറയിൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വാങ്ങുന്നത്. അതിന്റെ പ്രവർത്തനം അന്തിമഘട്ടത്തിലാണ്.
പൊതുവിടങ്ങളും വായനശാലകളുമില്ലാത്ത വാർഡുകളിൽ ബഹുജന നേതാക്കളെയുൾപ്പെടുത്തി കമ്മിറ്റികൾ രൂപീകരിക്കുകയുണ്ടായി. സ്ഥലവും കെട്ടിടങ്ങളും ജനകീയ ഇടപെടലുകളിലൂടെയാണ് കണ്ടെത്തിക്കൊണ്ടിരിക്കുന്നത്. ആവശ്യകത മനസ്സിലാക്കി എല്ലാവിഭാഗമാളുകളും വലിയപിന്തുണയാണ് നൽകികൊണ്ടിരിക്കുന്നത്. വായനശാലകൾക്കായി കുടുംബശ്രീയുടെ നേതൃത്വത്തിലും സാംസ്ക്കാരികസംഘടനകളുടെ മുൻകൈയ്യിലും പുസ്തക ശേഖരണം നടത്തുകയുണ്ടായി. അങ്ങനെ രാജ്യത്തിന് മാതൃകയാകുന്ന മഹാമുന്നേറ്റത്തിൽ നാടാകെ കണ്ണിചേരുകയായിരുന്നു. വാദ്യമേളങ്ങൾ മുഴങ്ങിയ ആവേശവും സന്തോഷവും അലയടിച്ചുയർന്ന അന്തരീക്ഷത്തിൽ ഡോ.വി ശിവദാസൻ എംപി യാണ് സമ്പൂർണ വായനശാലാ പ്രഖ്യാപനം നിർവഹിച്ചത്. പഞ്ചായത്ത് പ്രസിഡണ്ട് പി സി ഗംഗാധരൻ മാസ്റ്റർ അദ്ധ്യക്ഷം വഹിച്ചു. കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആർ ഷീല , പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ ശാന്തമ്മ, മുൻ പഞ്ചായത്ത് പ്രസിഡണ്ട് എം കെ സുധീർകുമാർ , കെ എം ഗോപി, വിജേഷ് മാറോളി, എം മനോഹരൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.