
എരഞ്ഞോളി വടക്കുമ്പാട് എന്നീ പേരുകളിൽ രണ്ടു പഞ്ചായത്ത് പ്രദേശങ്ങളെ കൂട്ടി യോജിപ്പിച്ചു 1962ൽ ആണ് എരഞ്ഞോളി ഗ്രാമ പഞ്ചായത്ത് നിലവിൽ വന്നത്. കാർഷികസംസ്കാരം വിളിച്ചോതുന്ന നാടോടി കലകളും, പൂരകളി, കോൽക്കളി,നാടൻ പാട്ട് എന്നിവയും, കളരി സംഘവും, കലാ-കായിക സംസ്കാരത്തിന് തനതായ സംഭാവനകൾ നൽകിയ പണ്ഡിതൻമാരായ ഹെർമൻ ഗുണ്ടർട്, വിദ്വാൻ എൻ കോയിത്തട്ട, മലയാള പത്രപ്രവർത്തന ലോകത്തെ കേസരി വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ, പ്രമുഖ മാപ്പിള പാട്ട് കലാകാരൻ എരഞ്ഞോളിമൂസ എന്നിവർ ഉൾപ്പടെയുള്ള സാംസ്കാരിക രംഗത്തെ കുലപതികൾ ഉണ്ടായിരുന്ന നാട്ടിൽ ഗ്രന്ഥശാലാപ്രസ്ഥാനവും സാംസ്കാരിക മുന്നേറ്റങ്ങളിൽ പങ്കു വഹിച്ചിരുന്നു. സമ്പൂർണ സാക്ഷരത തുടങ്ങിയതും പൂർത്തി കരിച്ചതും, ലക്ഷം വീടുപദ്ധതി ആദ്യ മായി നടപ്പിലാക്കിയതുംഎരഞ്ഞോളിയിലാണ്.
പതിനാറ് വാർഡുകൾ ഉള്ള പഞ്ചായത്തിൽ തുടക്കത്തിൽ ഏഴ് വായനശാലകളാണ് ഉണ്ടായിരുന്നത്. പൊതുവിടങ്ങളൊരുക്കാൻ ജനകീയ കുതിപ്പുമായി മുന്നോട് പോവുന്ന പീപ്പിൾസ് മിഷനിലൂടെ രണ്ട് ബാലസൗഹൃദ വായനശാലകൾ ഉൾപ്പടെ പുതിയതായി ആരംഭിച്ച 13 വായനശാലകൾ ഉൾപ്പടെ 16 വാർഡുകളിലായി 20 വായനശാലകൾ എരഞ്ഞോളിയെ വിനോദ-വിജ്ഞാന കേന്ദ്രമായി മാറ്റും. പഞ്ചായത്തിലെ എല്ലാ വാർഡുകളിലും വായനശാലകൾ രൂപീകരിച്ചു കൊണ്ട് സമ്പൂർണ ലൈബ്രറി പഞ്ചായത്തായി എരഞ്ഞോളി ഗ്രാമപഞ്ചായത്തും മാറുകയാണ്.
സമ്പൂർണ്ണ ലൈബ്രറി പഞ്ചായത്ത് പ്രഖ്യാപനം സെപ്തംബർ 13 ന് തലശ്ശേരി ബ്ലോക്ക് പഞ്ചായത് ഹാളിൽ വെച്ച നടന്ന ചടങ്ങിൽ പീപ്പിൾസ് മിഷൻ ചെയർമാനും രാജ്യസഭാ എം പി യുമായ ഡോ. വി ശിവദാസൻ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ, ലൈബ്രറി കൗൺസിൽ കണ്ണൂർ ജില്ലാ പ്രസിഡന്റ് മുകുന്ദൻ മഠത്തിൽ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീഷ എം പി അധ്യക്ഷത വഹിച്ചു.
എരഞ്ഞോളി പഞ്ചായത്ത് തല പ്രഖ്യാപനം വാദ്യമോളങ്ങളോടെ ആകർഷകമായ പരിപാടിയായാണ് സംഘടിപ്പിക്കപ്പെട്ടത്. വായനശാലകളുടെ എണ്ണത്തിൽ ഏഴിൽ നിന്നും ഇരുപതിലേക്കുള്ള എരഞ്ഞോളിയുടെ കുത്തിപ്പിൽ നാട്ടുകാരുടെയാകെ അദ്ധ്വാനത്തിന്റെയും വിയർപ്പിന്റെയും കഥകളുണ്ട്. പീപ്പിൾസ് മിഷനിലൂടെ രണ്ട് ബാലസൗഹൃദ വായനശാലകൾ ഉൾപ്പടെ പുതിയതായി ആരംഭിച്ച 13 വായനശാലകളുടെ രൂപീകരണത്തിൽ അതെല്ലാം ഉൾചേർന്നിരിക്കുന്നു. വലിയ സാംസ്കാരിക പൈതൃകം പേറുന്ന ഭൂമിയാണെങ്കിലും വായനശാലകളുടെ എണ്ണത്തിൽ അത് പ്രതിഫലിച്ചിരുന്നില്ല. ആ കുറവുകൾ പരിഹരിക്കാനുള്ള ശ്രമങ്ങളുടെ വിജയകരമായ പരിസമാപ്തിയായിരുന്നു ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന പ്രഖ്യാപനം.പൊതുവിടങ്ങൾ സ്ഥാപനത്തിനും വിപുലീകരണത്തിനും പീപ്പിൾസ് മിഷൻ വലിയ പ്രചോദനമായെന്നും വായനശാലകളുടെ തുടർവികസന പ്രവർത്തനങ്ങൾക്കായി പ്രത്യേക പദ്ധതി പഞ്ചായത്ത് തയ്യാറാക്കുമെന്നും പഞ്ചായത്ത് പ്രസിഡണ്ട് എംപി ശ്രീഷ പറഞ്ഞു. വാദ്യമേളങ്ങളോടെയാരംഭിച്ച പ്രഖ്യാപന സമ്മേളനം ഡോ. വി ശിവദാസൻ എംപി ഉദ്ഘാടനം ചെയ്തു. മുകുന്ദൻ മടത്തിൽ വിശിഷ്ടാതിഥിയായി. തലശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പിആർ വസന്തൻ മാസ്റ്റർ, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിജു പി കൂടുംബശ്രി മിഷൻ കോഓഡിനേറ്റർ ഡോ. എ സുർജിത്ത് തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീഷ എം പി അധ്യക്ഷത വഹിച്ചു.