
ഇന്ത്യൻ ലൈബ്രറി കോൺഗ്രസിനോട് അനുബന്ധിച്ച് സംഘടിപ്പിച്ച കുടുംബശ്രീ പ്രവർത്തകരുടെ സംഗമം കുടുംബശ്രീ ഗവേർണിംഗ് കൗൺസിൽ അംഗവും മുൻ എംഎൽഎയുമായ കെ കെ ലതിക ഉദ്ഘാടനം ചെയ്തു. രാജ്യത്തെ വൈജ്ഞാനിക വിപ്ലവത്തിനും അറിവിന്റെ വ്യാപനത്തിനും സ്ത്രീകളും കുടുംബശ്രീ പ്രസ്ഥാനവും നേതൃത്വം നൽകുമെന്ന് അവർ പറഞ്ഞു. ദാരിദ്ര്യനിർമ്മാർജ്ജനത്തിനും മാലിന്യ നിർമ്മാർജ്ജനും നേതൃത്വം നൽകിയ കുടുംബശ്രീ പ്രവർത്തകർ സാക്ഷരതാ പ്രവർത്തനം പോലെ തന്നെ ഗ്രന്ഥശാല, വായനശാല പ്രവർത്തനങ്ങളിൽ പങ്കാളിയാവണം. അറിവിന്റെ വ്യാപനത്തിലൂടെ സമൂഹത്തിൽ നിലനിൽക്കുന്ന ഉച്ചനീചത്വങ്ങൾക്കെതിരെ പോരാടാനും സാമൂഹ്യ മാറ്റത്തിനും സ്ത്രീകൾ കാരണമാവണമെന്നും കെ കെ ലതിക പറഞ്ഞു.
സംഗമത്തിൽ ഡോ. വിജൂ കൃഷ്ണൻ മുഖ്യാതിഥിയായിരുന്നു. കേരളത്തിലെ കുടുംബശ്രീ പ്രസ്ഥാനം ലോകത്തിലെ തന്നെ സ്ത്രീശാക്തീകരണ മുന്നേറ്റങ്ങൾക്ക് മാതൃകയാണെന്നും ഇത്രയേറെ വിപുലവും വിജയകരവുമായ സ്ത്രീകൂട്ടായ്മ രാജ്യത്ത് മറ്റെവിടെയും കാണാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.