കണ്ണൂർ : ജനുവരി ഒന്ന് മുതൽ മൂന്ന് വരെ കണ്ണൂരിൽ നടക്കുന്ന ഇന്ത്യൻ ലൈബ്രറി കോണ്ഗ്രസ്സിന്റെ തീം സോങ്ങ് പ്രകാശിപ്പിച്ചു. വിനോദ വിജ്ഞാന വികസന കേന്ദ്രങ്ങളായി മാറുന്ന ഗ്രന്ഥാലയങ്ങളുടെ വരുംകാലമാറ്റമാണ് തീം സോങ്ങിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ വരികൾക്ക് ഡോ എ എസ് പ്രശാന്തകൃഷ്ണനാണ് സംഗീതം നൽകിയത്. പ്രശാന്ത് കൃഷ്ണൻ, അമല മാത്യു, അമൃത മാത്യു എന്നിവർ ഗാനം ആലപിച്ചു. അനൂപ് വൈറ്റ് ലാൻഡാണ് പശ്ചാത്തല സംഗീതം നൽകിയത്. കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നടന്ന ചടങ്ങിൽ കടന്നപ്പള്ളി രാമചന്ദ്രൻ എം എൽ എയ്ക്ക് വി ശിവദാസൻ എംപി കൈമാറി തീം സോങ് പ്രകാശിപ്പിച്ചു. എം പ്രകാശൻ മാസ്റ്റർ, ബിനോയ് കുര്യൻ, പി കെ വിജയൻ, മുകുന്ദൻ മഠത്തിൽ തുടങ്ങിയവർ സംബന്ധിച്ചു.