ലൈബ്രറി കോൺഗ്രസിന്റെ ഭാഗമായി ജനപ്രതിനിധികൾക്കുള്ള ആമുഖശിൽപ്പശാല കിലയുടെ നേതൃത്വത്തിൽ നവംബർ 2ന് ബുധനാഴ്ച കണ്ണൂർ സർവ്വകലാശാലയിൽ നടക്കുന്നു
ഇന്ത്യൻ ലൈബ്രറി കോൺഗ്രസ് 2023 ജനുവരി 1 മുതൽ 3 വരെ കണ്ണൂരിൽ നടക്കുകയാണ്. ലൈബ്രറി സ്ഥാപനത്തിലും വിപുലീകരണത്തിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് സുപ്രധാനപങ്കാണ് വഹിക്കാനുള്ളത്. വിവിധ മേഖലകളിലെ വിദഗ്ദരും സാമൂഹ്യരാഷ്ട്രീയ രംഗത്തെ പ്രധാനികളും ലൈബ്രറി കോൺഗ്രസിൽ പങ്കാളികളാകും. ചിലരാജ്യങ്ങളിൽ പല മികച്ച ലൈബ്രറികളുടേയും നടത്തിപ്പ് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾക്കാണെന്നത് ഈ ഘട്ടത്തിൽ സ്മരിക്കേണ്ടതാണ്. കേരളത്തിലും ആ ദിശയിൽ ചില തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ മികച്ചപ്രവർത്തനങ്ങളാണ് നടക്കുന്നത്.
ജനകീയ ലൈബ്രറികളെ പുതിയ കാലത്തിന്റെ സാധ്യതകൾക്കനുസരിച്ച് മാറ്റിത്തീർക്കേണ്ടത് പ്രധാനമാണ്. വരുംകാലസമൂഹത്തിന്റെ ഗതി നിർണ്ണയിക്കാൻ സാധിക്കുന്ന സുസ്ഥിരജനകീയവിജ്ഞാനവിനോദ-വികസനകേന്ദ്രങ്ങളായി ലൈബ്രറികളെ മാറ്റിത്തീർക്കുന്നതിനുതകുന്ന, അന്താരാഷ്ട്രതലത്തിലുള്ള ആശയസംവാദവേദിയായി ഇന്ത്യൻ ലൈബ്രറി കോൺഗ്രസ്സ് മാറും. ഇന്ത്യയിൽ തന്നെ ലൈബ്രറികളുടെ എണ്ണത്തിലും പ്രവർത്തനത്തിലും മുന്നിട്ട് നിൽക്കുന്ന കണ്ണൂരിലാണ് ഇന്ത്യൻ ലൈബ്രറി കോൺഗ്രസ്സ് നടക്കുന്നത് എന്നത് അതിന്റെ പ്രസക്തി കൂടുതൽ വർദ്ധിപ്പിക്കുന്നു.ഇന്ത്യൻ ലൈബ്രറി കോൺഗ്രസിൽ തദ്ദേശഭരണസ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ പങ്കാളിത്തം പ്രധാനമാണെന്നാണ് സർക്കാരും ആസൂത്രണബോർഡുമുൾപ്പെടെ കരുതുന്നത്.
ലൈബ്രറി കോൺഗ്രസിന്റെ ഭാഗമായി ജനപ്രതിനിധികൾക്കുള്ള ആമുഖശിൽപ്പശാല കിലയുടെ നേതൃത്വത്തിൽ നവമ്പർ 2 ന് ബുധനാഴ്ച കണ്ണൂർ സർവ്വകലാശാലയിലെ ചെറുശ്ശേരി ഓഡിറ്റോറിയത്തിൽ നടക്കുകയാണ്. ഇന്ത്യൻ ലൈബ്രറി കോൺഗ്രസിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഇടപെടലുകൾ ചിട്ടപ്പെടുത്താൻ സഹായിക്കുന്നതായിരിക്കും ശില്പശാല. വിനോദ-വിജ്ഞാന-വികസന കേന്ദ്രങ്ങളായി ലൈബ്രറികളെ മാറ്റുകയെന്ന ലക്ഷ്യത്തിന് സഹായമാകുന്ന രീതിയിൽ പ്രാദേശിക സാധ്യതകൾ മനസിലാക്കി ഇടപെടാൻ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളെ പ്രാപ്തരാക്കുകയെന്ന ലക്ഷ്യം മുൻനിർത്തി നടക്കുന്ന ഈ ശില്പശാല 2022 നവംബർ 2 നു കണ്ണൂർ യൂണിവേഴ്സിറ്റി താവക്കര ക്യാമ്പസ്സിലെ ചെറുശ്ശേരി ഓഡിറ്റോറിയത്തിൽ നടക്കും. ഡോ.വി.ശിവദാസൻ എംപി ഉദ്ഘാടനം ചെയ്യുന്ന ശില്പശാലയിൽ,കെ വി സുമേഷ് എം എൽ എ മുഖ്യ അതിഥി ആയിരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ അധ്യക്ഷയായിരിക്കും. കില ഡയറക്ടർ ഡോ ജോയ് ഇളമൺ വിഷയം അവതരിപ്പിക്കും. . പ്ലാനിങ് ബോർഡ് അംഗം ജിജു പി അലക്സ് മുഖ്യ പ്രഭാഷണം നിവഹിക്കും. ഡോ.വി പി പി മുസ്തഫ ചർച്ചയുടെ ക്രോഡീകരണം നിർവഹിക്കും.