
ചിങ്ങപ്പൊലിക്ക് വെൺമയേകി മുഴുവൻ വാർഡുകളിലും വായനശാലകൾ സ്ഥാപിച്ച നഗരസഭയായി പയ്യന്നൂർ. കേരളത്തിലാദ്യമായാണ് ഒരു നഗരസഭയിലെ എല്ലാ വാർഡുകളിലും വായനശാലകളൊരുങ്ങുന്നത്. ദേശീയസ്വാതന്ത്ര്യസമരത്തിന്റെ ജ്വലിക്കുന്ന സ്മൃതികളിരമ്പുന്നനാടാണ് പയ്യന്നൂർ . ദേശീയസ്വാതന്ത്ര്യസമരചരിത്രത്തിൽ രണ്ടാം ബർദോളി എന്നറിയപ്പെടുന്ന പയ്യന്നൂരിന്റെ സംസ്കാരം രൂപപ്പെടുത്തുന്നതിൽ വലിയ പങ്കാണ് വായനശാലകൾക്കുള്ളത്. ദേശീയപ്രസ്ഥാനത്തിലും ജന്മിത്വവിരുദ്ധ പോരാട്ടങ്ങളിലും കർഷകപ്രസ്ഥാനങ്ങളുടെ വളർച്ചയിലും ഇവിടുത്തെ വായനശാലകൾ സുപ്രധാന പങ്കാണ് വഹിച്ചത്. സ്വാതന്ത്ര്യസമരവും നവോത്ഥാന മുന്നേറ്റങ്ങളും നാടിളക്കിയ മുപ്പതുകളിൽ തന്നെയായിരുന്നു പയ്യന്നൂരിൽ വായനശാലകൾ പിറന്നത്. ഉപ്പുസത്യാഗ്രഹത്തിൽ കുറുക്കിയെടുത്ത ഉപ്പ് വിറ്റ വടക്കേബസാറിലെ തറയിരുന്ന സ്ഥാനത്താണ് പയ്യന്നൂർ പബ്ലിക് ലൈബ്രറി പണിതുയർത്തിയത്. നവോത്ഥാന സമരസ്മാരകം കൂടിയാണ് കണ്ടോത്ത് ശ്രീനാരായണഗുരു സ്മാരക വായനശാല. സഞ്ജയനും കസ്തൂർബയ്ക്കും മഹാദേവദേശായിക്കുമെല്ലാം പയ്യന്നൂരിൽ സ്മാരകമുയർന്നത് വായനശാലകളുടെ രൂപത്തിലായിരുന്നു. പയ്യനൂരിന്റെ സാമൂഹ്യരാഷ്ട്രീയ പശ്ചാത്തലം നിർണയിക്കുന്നതിൽ അതിനിർണായക സ്വാധീനം ചെലുത്തുകയും ചെയ്യുകയുണ്ടായി. കേരളചരിത്രത്തിൽ പയ്യന്നൂർ സംഭാവന ചെയ്ത നിരവധി പ്രഗത്ഭമതികളുണ്ട്. അവരുടെയൊക്കെ വളർച്ചയിലും വായനശാലകളുടെ സ്വാധീനം കാണാനാകും.
ജില്ലയിൽ പീപ്പിൾസ്മിഷൻ പ്രവർത്തനങ്ങളുടെ തുടക്കത്തിൽ തന്നെ ആവേശത്തോടുകൂടി അതിനെയേറ്റെടുക്കാൻ പയ്യനൂർ നഗരസഭക്കു കഴിയുകയുണ്ടായി. അതിന്റെ ഭാഗമായി പ്രദേശികയോഗങ്ങൾ ബഹുജനപങ്കാളിത്തതോടുകൂടി സംഘടിപ്പിച്ചു. വിവിധ മേഖലയിലുള്ളവർ മിഷൻ പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളികളായി. കക്ഷിരാഷ്ട്രീയത്തിനതീതമായി പൊതുവിടങ്ങളൊരുക്കുന്നതിനായി ജനങ്ങൾ കൈകോർക്കുകയായിരുന്നു. ഡോ.വി ശിവദാസൻ എംപി യുടെ നേതൃത്വത്തിൽ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും, ലൈബ്രറികൗൺസിലും സാമൂഹ്യ-സാംസ്കാരികസംഘടകളുമെല്ലാം ചേർന്ന് രൂപപ്പെടുത്തിയ മിഷൻ പ്രവർത്തനങ്ങൾക്ക് പയ്യനൂർ നഗരസഭയുടെ മുന്നേറ്റം വളരെ വലിയ പിന്തുണയായിമാറും. പയ്യന്നൂർ നഗരസഭയിൽ പതിമൂന്ന് വാർഡുകളിലാണ് വായനശാലകൾ ഇല്ലാതിരുന്നത്. ജനകീയ പിന്തുണയോടെയുള്ള മിഷൻ പ്രവർത്തനങ്ങളിലൂടെ അവിടങ്ങളിൽ വായനശാലകൾ സ്ഥാപിച്ചതോടെ അറുപത്തിമൂന്ന് വായനശാലകളുള്ള നഗരസഭയായി പയ്യന്നൂർ മാറി. മിഷൻ പ്രവർത്തനങ്ങളിൽ പയ്യന്നൂരിന്റെ സാമൂഹ്യ-രാഷ്ട്രീയരംഗത്തുള്ള നിരവധിയാളുകൾ അണിനിരക്കുകയുണ്ടായി. ജനപ്രതിനിധികൾ, സന്നദ്ധപ്രവർത്തകർ, കുടുംബശ്രീ, ഹരിതകർമ്മസേന, ലൈബ്രറികൗൺസിൽ തുടങ്ങിയവരെല്ലാം അവരുടെതായ നിലയിൽ ജനങ്ങളിൽനിന്നും പുസ്തകങ്ങൾശേഖരിക്കുകയുണ്ടായി. അവയെല്ലാം കൊണ്ടാണ് പുതിയ വായനശാലകൾ തുടങ്ങിയത്. 2007 ൽ “വിജ്ഞാൻജ്യോതി’ എന്ന മഹത്തായ പദ്ധതിയിലൂടെ രാജ്യത്തെ സമ്പൂർണ്ണ പ്രാഥമികവിദ്യാഭ്യാസം നേടിയ നഗരസഭ എന്ന പദവിയും പയ്യന്നൂരിന്റേതാണ്. അലമാരയിൽനിന്നും അകതാരിലേക്ക് എന്ന പദ്ധയതിയിലൂടെ പുസ്തകങ്ങൾ നേരിട്ട് വായനക്കാരിലേക്ക് എത്തിച്ചും പ്രശംസനേടിയിരുന്നു.
പയ്യന്നൂർ ഏകെ കൃഷ്ണൻ മാസ്റ്റർ ഓഡിറ്റോറിയത്തിൽ ഡോ. ജോൺബ്രിട്ടാ്സ് എംപിസ മ്പൂർണപ്രഖ്യാപന പരിപാടി ഉദ്ഘാടനം ചെയ്തു. ടിഐ മധുസൂദനൻ എംഎൽഎ അധ്യക്ഷനായി. പീപ്പിൾസ്മിഷൻ നേതൃത്വത്തിൽ ആദിവാസി, പിന്നോക്കമേഖലകളിൽ പുതുതായി സ്ഥാപിക്കുന്ന വായനശാലകൾക്ക് നൽകുന്ന പുസ്തകങ്ങൾ മിഷൻ ചെയർമാൻ കൂടിയായ ഡോ. വി ശിവദാസൻ എംപി ഏറ്റുവാങ്ങി. നഗരസഭ അദ്ധ്യക്ഷ കെവി ലളിതയാണത് കൈമാറിയത്. മുൻ എംഎൽഎമാരായ ടിവി രാജേഷ്, സി കൃഷ്ണൻ, കെപി കുഞ്ഞിക്കണ്ണൻ, നഗരസഭ വൈസ്ചെയർമാൻ പിവികുഞ്ഞപ്പൻ, സ്ഥിരംസമിതി അധ്യക്ഷന്മാർ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, താലൂക്ക്ലൈബ്രറികൗൺസിൽ സെക്രട്ടറി കെശിവകുമാർ എന്നിവർ സംസാരിച്ചു. നഗരസഭ ചെയർമാൻ കെവി ലളിത സ്വാഗതവും സെക്രട്ടറി എംകെ ഗിരീഷ്നന്ദിയും പറഞ്ഞു.
Leave A Comment