
മാത്തിൽ: കണ്ണൂർ ജില്ലയെ സമ്പൂർണ വായനശാലാ ജില്ലയാക്കി മാറ്റുന്ന പ്രവർത്തനങ്ങൾക്ക് ശക്തി പകർന്ന് കാങ്കോൽ-ആലപ്പടമ്പ് പഞ്ചായത്തിൽ സമ്പൂർണ വായനശാല പ്രഖ്യാപനം. കർഷകസമര ചരിത്രത്തിലും നവോത്ഥാന മുന്നേറ്റത്തിലും ജ്വലിക്കുന്ന അധ്യായങ്ങൾ എഴുതിച്ചേർത്ത ഗ്രാമമാണ് ആലപ്പടമ്പ്. ആലപ്പടമ്പിന്റെ സാമൂഹ്യ മുന്നേറ്റത്തിൽ വായനശാലകൾക്ക് അതിപ്രധാന സ്ഥാനമുണ്ട്. എല്ലാ വാർഡുകളിലും വായനശാലയെന്ന ഡോ. വി ശിവദാസൻ എംപി യുടെ നേതൃത്വത്തിൽ പീപ്പിൾസ്മിഷൻ മുന്നോട്ടുവച്ച ആശയത്തെ ആവേശത്തോടെയാണ് കാങ്കോൽ-ആലപ്പടമ്പ് പഞ്ചായത്ത് നിവാസികൾ ഏറ്റെടുത്തത്. മൂന്ന് വായനശാലകൾ കൂടി പ്രവർത്തനം ആരംഭിക്കുന്നതോടെ ആകെയുള്ള പതിനാല് വാർഡുകളിലും ഗ്രന്ഥശാലകളാകും. കരിയാപ്പ്, ചൂരൽ, കാങ്കോൽനോർത്ത് എന്നിവിടങ്ങളിലാണ് പുതിയ വായനശാലകൾ ആരംഭിച്ചത്. ഇതോടെ ഒരു വാർഡിൽ ശരാശരി രണ്ടെന്ന നിലയിൽ വായനശാലകളാകും. പൊതുജനങ്ങളിൽ നിന്ന് വ്യാപകമായ പുസ്തകശേഖരണപരിപാടികൾ ഇതിനായി നടത്തുകയുണ്ടായി. കുടുംബശ്രീയുൾപ്പെടെയുള്ള സംഘടനകളും സജീവമായി പ്രവർത്തനരംഗത്തുണ്ട്. അയൽക്കൂട്ടങ്ങളിൽനിന്നും പുസ്തക ശേഖരണം നടന്നുവരികയാണ്. അതിന്റെ ഭാഗമായി പുസ്തകവണ്ടിയുടെ പര്യടനമുൾപ്പെടെ സംഘടിപ്പിക്കുകയുണ്ടായി.
ആഗസ്ത് 20 ന് മാത്തിൽ ടൗണിൽ സ്തീകളുൾപ്പടെ വൻജനാവലി തിങ്ങിനിറഞ്ഞ പരിപാടിയിൽ പീപ്പിൾസ്മിഷൻ ചെയർമാൻ കൂടിയായ ഡോ. വി ശിവദാസൻ എംപി യാണ് പഞ്ചായത്ത് സമ്പൂർണ വായനശാല പ്രഖ്യാപനം നിർവ്വഹിച്ചത്. പന്തിഭോജനവും മിശ്രഭോജനവും കർഷകസമരങ്ങളും നടന്ന ആലപ്പടമ്പിന്റെ മണ്ണിൽ വായനശാലകളൊരുക്കി ജനകീയമുന്നേറ്റമായത് മാറുകയാണ്. പുസ്തകശേഖരണത്തിനും പ്രവർത്തന കേന്ദ്രങ്ങളൊരുക്കുന്നതിലും ജനകീയമാതൃകയായാണ് ആലപ്പടമ്പ് കാഴ്ച്ചവച്ചത്. കുടുംബശ്രികളുടെ നേതൃത്വത്തിൽ നടന്ന പുസ്തകശേഖരണ പരിപാടി ജില്ലയിൽതന്നെ പുതിയയൊരനുഭവമായിരുന്നു. ആയിരത്തിനടുത്ത് പുസ്തകങ്ങളാണ് കുടുംബശ്രി പ്രവർത്തകർ ഉദ്ഘാടനദിവസം മാത്രമായി കൈമാറിയത്. അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിനായും വലിയ പിന്തുണ ബഹുജനങ്ങളാകെ നൽകുകയുണ്ടായി. നിലവിലുള്ള ഇരുപത്തിയൊന്ന് വായനശാലകളോടൊപ്പം കരിയാപ്പ്, ചൂരൽ, കാങ്കോൽനോർത്ത് എന്നിവിടങ്ങളിലാണ് പുതുതായി വായനശാലകൾ തുടങ്ങിയത്. എല്ലാ വായനശാലകൾക്കും സ്വന്തമായി കെട്ടിടസൗകര്യങ്ങളൊരുക്കുന്ന പ്രവർത്തനങ്ങളും ജനകീയമായി സംഘടിപ്പിക്കുമെന്നും പീപ്പിൾസ്മിഷനെ ഇനിയുംവിപുലീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡണ്ട് എംസി സുനിൽകുമാർ പറഞ്ഞു. കാങ്കോൽ-ആലപ്പടമ്പ് പഞ്ചായത്തിലെ വായനശാല രൂപീകരണത്തിൽ സ്ത്രീകളുടെ പങ്കാളിത്തം അഭൂതപൂർമായിരുന്നു. പുസ്തകശേഖരണത്തിനായി പുസ്തകവണ്ടി പര്യടനത്തിലുൾപ്പെടെ സ്ത്രീകളുടെ നേതൃത്വമുണ്ടായിരുന്നു. പീപ്പൾസ്മിഷൻ ആലപ്പടമ്പിന്റെ പുരോഗതിക്ക് പൊതുവിടങ്ങളുടെ സ്ഥാപനത്തിനും വിപുലീകരണത്തിനുമായി ആലപ്പടമ്പിൽ നടക്കുന്ന പ്രവർത്തനങ്ങൾക്ക് വേഗത നൽകുന്നതിനും ചിങ്ങപ്പൊലിയെ വായനശാലപൊലിയാക്കി മാറ്റാനും കാങ്കോൽ-ആലപ്പടമ്പ് പഞ്ചായത്തിന് കഴിഞ്ഞു. ജില്ലയിലെ പൊതുമുന്നേറ്റത്തിന് അതുകൂടുതൽ കരുത്താകും. ചടങ്ങിൽ എംസി സുനിൽകുമാർ അദ്ധ്യക്ഷം വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പുസ്തകങ്ങൾഏറ്റുവാങ്ങി. മിഷൻ കോർഡിനേറ്റർ പികെവിജയൻ, ടിശശിധരൻ എന്നിവർ സംസാരിച്ചു.
Leave A Comment