കൂടാളി: ഇന്ത്യന്‍ ലൈബ്രറി കോണ്‍ഗ്രസിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന അനുബന്ധ സെമിനാറുകള്‍ക്ക് തുടക്കമായി. ‘മതനിരപേക്ഷതയും ജീവിതവും’ എന്ന വിഷയത്തില്‍ ആദ്യസെമിനാര്‍ കൂടാളി ഹയര്‍സെക്കൻഡറി സ്കൂളില്‍ പ്രശസ്ത വാഗ്മിയും ഗ്രന്ഥകാരനുമായ ഡോ. സുനില്‍ പി ഇളയിടം ഉദ്ഘാടനം ചെയ്തു. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 1500ഓളം സെമിനാറാണ് സംഘടിപ്പിക്കുന്നത്.
കേരളത്തിലെ സാമൂഹ്യ പരിവർത്തനത്തിന്റെ ചാലകശക്തികളാണ് ഗ്രന്ഥശാലകളെന്ന് സുനില്‍ പി ഇളയിടം പറഞ്ഞു. കേവലം പുസ്തകവിതരണ കേന്ദ്രങ്ങളും പത്രമാസികകളുടെ വായനാകേന്ദ്രങ്ങളുമെന്നതിനപ്പുറം വിപുലമായ സാമൂഹ്യസംഘാടനത്തിന്റെ കേന്ദ്രമായാണ് അവ പ്രവർത്തിക്കുന്നത്. നാടിന്റെ സാമൂഹ്യജീവിതത്തിൽ ഇടപെടാനും രൂപാന്തരപ്പെടുത്താനും കഴിയുന്ന ശക്തിയാണ് ഗ്രന്ഥാലയങ്ങളെന്ന കാഴ്ചപ്പാട് സ്വാതന്ത്ര്യപൂർവ കാലത്തു തന്നെ വളർന്നുവന്നിരുന്നെന്നും അദ്ദേഹം പറഞ്ഞു.
കൂടാളി പഞ്ചായത്ത് പ്രസിഡന്റ് പി കെ ഷൈമ അധ്യക്ഷയായി. കണ്ണൂർ സർവകലാശാലാ പ്രോ വൈസ് ചാൻസലർ ഡോ. സാബു അബ്ദുള്‍ ഹമീദ് മുഖ്യപ്രഭാഷണം നടത്തി. ഡോ. വി ശിവദാസന്‍ എംപി, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ വി കെ സുരേഷ് ബാബു, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ എം രതീഷ്, , ഇ പി ആര് വേശാല, പവിത്രന് മൊകേരി, പി കരുണാകരന്, പി കെ വിജയന്, ഇ സജീവന്, പി പ്രസാദ് എന്നിവര്‍ സംസാരിച്ചു. സെമിനാര്‍ കമ്മിറ്റി കണ്‍വീനര്‍ മുകുന്ദന് മഠത്തില്‍ സ്വാഗതം പറഞ്ഞു.
